My favorites

മാടൻ

                                                          നിനക്ക് പെരുമാടനാരാണന്നറിയാവോടാ ഷാജിവ്വാ...  എല്ലാവരെയും പറഞ്ഞു പറ്റിക്കുന്ന ഭയങ്കരനാ.. ഒരു ദിവസം ഒരു തിരുമേനി അവനെ പിടിച്ച്‌ കെട്ടാൻ തീരുമാനിച്ചു... കാട്ടിലൂടെ ഒരു കൊട്ടയും തലയിൽ വച്ചാ തിരുമേനിയുടെ പോക്ക്‌... തിരുമേനിക്കാണേ വഴിയും അറിയാന്മേല.. കുറേ ദൂരം ചെന്നപ്പോൾ വഴിയിലൊരു പന്ത്‌ കിടക്കുന്നു... തിരുമേനി അതെടുത്ത്‌ കുട്ടയിലിട്ടു.!!!

                                                               * * * *

"തരാനുള്ള കാശ് ഇന്ന് എനിക്ക് കിട്ടിയേ പറ്റൂ ..അത്യാവിശ്യമാണ്‌   ചേട്ടാ...! 

വർഷം ഒന്നായീ... രണ്ടു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു മേടിച്ച കാശ് ആണ്.ഇപ്പോൾ അത് കിട്ടിയാൽ വളരെ ആവശ്യങ്ങൾ ഉണ്ട്..." അവസാനമായി വിളിച്ചപ്പോഴും ചോദിച്ചതിതാണ്.....

   ഏകദേശം ഒരു വർഷവും രണ്ടു ദിവസവും മുന്നെ ആണത് സംഭവിക്കുന്നത്‌..... വളരെ ജോലിത്തിരക്കിനിടയിലാണ് അത്യാവിശ്യമായി  കുറച്ച് കാശുണ്ടാകുമോയെന്നറിയാൻ  ഫോൺ കാൾ വരുന്നത്.... സുഹൃത്ത്. ആള് ഇന്ന് സ്ഥലത്തില്ലാത്തതു കൊണ്ട് കാശ് ഏർപ്പാടുചെയ്യാൻ ബുദ്ധിമുട്ടാണ്‌..രണ്ടു ദിവസത്തിനുള്ളിൽ  തിരിച്ച് നൽകാം... 
 കുറച്ച് ദിവസങ്ങൾക്ക് ശേഷം ബാങ്കിൽ അടയ്‌ക്കേണ്ടതും മറ്റ് ആവശ്യങ്ങൾക്കുമായി മാറ്റി വെച്ചിരുന്ന പണം കയ്യിലുണ്ടായിരുന്നു . അടുത്ത സ്നേഹിതനായതുകൊണ്ട്  ,രണ്ടു ദിവസം കഴിയുമ്പോൾ കിട്ടുകയും ചെയ്യും നമ്മുടെയും അവരുടെയും കാര്യവും നടക്കുമല്ലോയെന്ന് വിചാരിച്ച് ആവശ്യം നിരസിക്കാനായില്ല...  ഉടൻ ആവിശ്യം ഉള്ളതായതുകൊണ്ട് ജോലി എല്ലാം മാറ്റിവെച്ച് പണമുള്ള ഒരു എ ടി എം കണ്ടു പിടിച്ച് പണമെടുത്ത് വീട്ടിൽ കൊണ്ടുപോയി ചേച്ചിയുടെ കയ്യിൽ  കൊടുത്തു.!!!!

നിശബ്ദത.... 

പിന്നെയും നിശബ്ദത.... 

    പണം എൻ്റെ അക്കൗണ്ടിലേക്ക് കേറിയാതായി അറിയിക്കുന്ന   മെസ്സേജിന്റെ ശബ്ദമില്ല...  ഫോൺ കോളുകളുടെ ശബ്ദമില്ല.... 

     കൃത്യം രണ്ടു ദിവസം കഴിയുമ്പോ തന്നെ എങ്ങനെ തിരിച്ചു ചോദിക്കും എന്നുള്ള മടി കൊണ്ട് മൂന്നാം ദിവസമായപ്പോൾ വിളിച്ചു. തലേദിവസം എന്നെ വിളിക്കാത്തതിനുള്ള കാര്യകാരണങ്ങൾക്ക്‌ ശേഷം  "പണം  ആയിട്ടില്ല...  മറ്റന്നാളത്തെക്ക് നിനക്ക് ആവശ്യമുള്ളത് കൊണ്ട് മറ്റേതേലും  സുഹൃത്തുക്കളോട് രണ്ടു ദിവസത്തേക്ക്  ചോദിക്കാമോ. എങ്ങുനിന്നും കിട്ടിയില്ലായെങ്കിൽ നമക്ക് ശരിയാക്കാം" ...!!!

          മറ്റുള്ളവരുടെ നിസ്സഹായവസ്ഥ നമുക്ക് ചിലപ്പോൾ ചിന്തിക്കാനാവില്ല നമ്മളും അതെ അവസ്ഥയിലാകുന്ന വരെ...  അതുകൊണ്ട് നിർദേശപ്രകാരം മറ്റൊരു സുഹൃത്തിനോട് രണ്ടു ദിവസത്തെ അവധിയും പറഞ്ഞു മേടിച്ചു ആവശ്യങ്ങളൊക്കെ നടത്തി.. ബാങ്കിലടയ്ക്കാനുണ്ടായിരുന്നതും അടച്ചു.

നിശബ്ദത.... കുറച്ച്കൂടി നിശബ്ദത....

ഇത്തവണ രണ്ടാം ദിവസത്തെ വൈകുന്നേരം തന്നെ വിളിച്ചു ... 

     "കാശ് റെഡിയായതായിരുന്നു.. പക്ഷെ വേറെ ഒരു സുഹൃത്തിനു അത്യാവിശ്യമായി വന്നപ്പോൾ അത് പുള്ളിക്ക് കൊടുത്തു.. നിനക്ക് ഞാൻ ഒരു ആഴ്ച കൂടി കഴിഞ്ഞു ശരിയാക്കാം...!!"

          രണ്ടു ദിവസം പറഞ്ഞു ഞാൻ കടം മേടിച്ച എന്റെ സുഹൃത്തിനോട് ഞാൻ ഒരു മാസത്തെ അവധി പറഞ്ഞു.തുടർന്ന് അടുത്ത സാലറിയിൽനിന്നും അത് പോയിക്കിട്ടി.

       ഒരാഴ്ചയ്ക്ക് ശേഷം "പഞ്ചായത്ത്  തിരഞ്ഞെടുപ്പ്  പ്രചാരണ പരിപാടികൾ നടക്കുന്നത്കൊണ്ട് ദിവസേനെ ഇപ്പോൾ നല്ല ചിലവാണ്.. ഒരാഴ്ച കൂടെ ഒന്ന് താമസിക്കും..!"

      വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം " എടാ അക്കൗണ്ടിൽ കാശുണ്ട്... പക്ഷെ പഞ്ചായത്ത്  തിരഞ്ഞെടുപ്പ്നടക്കുന്നത് കൊണ്ട് ട്രാന്സാക്ഷന്സ് എല്ലാം നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പ് റിസൾട്ട് വന്നാലുടൻ ഇത് ശരിയാക്കാം"

നിശബ്ദത.... കുറെ  നിശബ്ദത....

    "കൊറോണ ആയതു കൊണ്ട് പണി കുറഞ്ഞു.. ആകെ പ്രശ്നങ്ങൾ ആണ്.... എന്തെങ്കിലും അത്യാവശ്യം വരുവാണേൽ ഒരു ഒരാഴ്ച മുന്നേ ഒന്ന് അറിയിച്ചാൽ ഉടനെ ശരിയാക്കാം ."

നിശബ്ദത.... വീണ്ടും വീണ്ടും നിശബ്ദത....

ഒരു ഹോസ്പിറ്റൽ അത്യാവശ്യം വരുന്നത് കൊണ്ട് പറഞ്ഞത്‌ പോലെ വിളിച്ചു ...

  "ഡിസ്ചാർജ് ആവുന്ന ദിവസം കാലത്തെ ഒന്ന് വിളിച്ചാൽ മതി... ആശുപത്രിയിൽ വെച്ച് കാണാം" 

ഡിസ്ചാർജ് ദിവസം ഉച്ച മുതൽ വിളി തുടങ്ങീ ..... നിശബ്ദത.... കൊടും  നിശബ്ദത....

  ഇടയ്ക്കിടെ ഉണ്ടായിരുന്ന കുശാലാന്വേഷണവിളികൾ എന്നേ  നിന്നു... നേരിട്ടുള്ള കാഴ്ചകൾ കുറഞ്ഞു.. 

   ആഴ്ചകൾക്കുശേഷം വളരെ പരിശ്രമത്തിനൊടുവിൽ  ഫോണിൽ കിട്ടിയപ്പോൾ കാശു റെഡിയാകുമ്പോൾ തരാൻ പറഞ് വിശേഷങ്ങൾ പറഞ്ഞു പിരിഞ്ഞു...

നിശബ്ദത.... അഞ്ചാറു മാസങ്ങളുടെ നിഗൂഢ നിശബ്ദത....

    " അപ്പോ നിനക്ക് അവൻ കാശ് തന്നില്ലേ.. കാശ് നിനക്ക്  തരണം എന്ന് അവനോട് ഞാൻ പറഞ്ഞതാർന്നല്ലോ ....!" 

     മറ്റാരോടേലും പറഞ്ഞിട്ടുണ്ടെൽ അത് എന്നോടും കൂടെ പറയേണ്ട സാമാന്യ മരിയാദയെകുറിച്ച്‌ ചോദിച്ചപ്പോൾ... സ്വന്തം ആവശ്യത്തിന് മേടിച്ചത് തിരികെ  തരാത്തത് മറ്റാരോ തരാത്തത് കൊണ്ടാണെന്ന്...

    വിശ്വസമായില്ലങ്കിൽ ഇപ്പൊ തന്നെ അവനെ വിളിച്ച് ചോദിക്കാം ...അത്  കിട്ടാതെ ഇത് തരാൻ ഒരു നിർവാഹവും ഇല്ലന്നായി.....  ഇനിയിപ്പോ രണ്ടു  പേരെയും വിളിക്കണ്ട ഉത്തരവാദിത്വം എനിക്കായോ ..!

    പിന്നീടങ്ങോട് ഫോണിലൂടെയുള്ള സംഭാഷണങ്ങൾ..... ഒടുവിൽ വീണ്ടും ഒരാഴ്ച....

   വിളിക്കുന്നു എടുക്കുന്നില്ല... വിളിക്കുന്നു എടുക്കുന്നില്ല... വിളിക്കുന്നു എടുക്കുന്നില്ല....

നൂറു നൂറു ശ്രമങ്ങൾ... എപ്പഴേലും എടുത്താൽ  "അടുത്താഴ്ച...."

   കാശ് കിട്ടിയാൽ കാത്ത് നിക്കുന്ന ചിലവുകൾ , എപ്പോൾ തരുമെന്ന് ചോദിക്കാനായി  ദിവസവും വിളിക്കുന്ന ഫോൺ കോളുകൾ.. ഒന്നിനും ഉത്തരമില്ലാതെ ആകുമ്പോഴുള്ള ദേഷ്യം പിന്നെ നിരാശ .. ഇതിനെല്ലാം ചിലവഴിക്കുന്ന വിലപ്പെട്ട സമയം..  എല്ലാത്തിനും പുറമെ വളരെ അടുത്ത ഒരാൾ നമ്മളെ പറ്റിക്കുവാണോ എന്ന മാനസീകവിഷമം.....                 രാത്രിയെന്നില്ല പകലെന്നില്ലാതെ  കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് ഒരാളെ സഹായിച്ചട്ട് വളരെ സൗകര്യ പൂർവം മറന്നുനടക്കുന്നു...

"അടുത്താഴ്ച ശരിയാക്കാം ..."

"അക്കൗണ്ടിൽ കാശു കിടക്കുന്നുണ്ട്.... പക്ഷേ എടുക്കാൻ പറ്റുന്നില്ല.. ശരിയായാൽ അപ്പൊത്തന്നെ എടുത്ത് തന്നേക്കാം.."

"ഞാനെവിടെയും പോകുന്നില്ല നിനക്ക് തരാനുള്ളത്‌ തന്നിട്ടേ ഞാൻ പോകു... അടുത്താഴ്ച ശരിയാക്കാം ..."

"ഞാൻ ചത്താലും നിൻറെ കാശ് തന്നിട്ടേ പോകു... അടുത്താഴ്ച ശരിയാക്കാം ..."

"നിനക്ക് വേണേൽ ഞാൻ മേടിച്ചതിന്റെ പലിശയടക്കം തരും.. എനിക്കാരുടെയും ഒന്നും വേണ്ടാ.. അടുത്താഴ്ച ശരിയാക്കാം ..."

"ഒന്നും നടന്നില്ലേ കയ്യിൽ കിടക്കണ മോതിരം പണയം വെച്ച് ഞാൻ കാശ് തരും..അടുത്താഴ്ച ശരിയാക്കാം ..."

"ഒരു ഇൻകം ടാക്സ് പ്രശനം ഉള്ളത് കൊണ്ടാ.. അടുത്ത ദിവസം തന്നെ എടുത്ത് തന്നേക്കാം....."

"അവൻ എനിക്ക് തരാതെ ഒന്നും ചെയ്യാൻ പറ്റില്ല..."ഫോൺ കട്ട് ചെയ്യുന്നു .

"നീ ഇങ്ങനെ ഇപ്പോഴും വിളിച്ചോണ്ടിരുന്നാൽ എന്റെ കയ്യിൽ കാശുണ്ടാകില്ല..."  ഫോൺ കട്ട് ചെയ്യുന്നു .

"വീട്ടിൽ വിളിച്ച് കാശ് തരാത്ത കാര്യം പറയേണ്ട ആവശ്യം ഉണ്ടായില്ല.." ഫോൺ കട്ട് ചെയ്യുന്നു.

"വിളിച്ച് ശല്യപെടുത്തല്ലേ..അടുത്ത ആഴ്ച ശെരിയാക്കാം." ഫോൺ കട്ട് ചെയ്യുന്നു.

അവസാനം വീട്ടിൽ ചെന്നു... "നീയെന്റെ അവസ്ഥയൊന്ന് നോക്ക്‌... എന്നെങ്കിലും പണിസാധനങ്ങൾ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്നത്‌ നീ കണ്ടിട്ടുണ്ടൊ... പണിയില്ലാതെ ആകെ ബുദ്ധിമുട്ടിലാ... നിനക്ക്‌ ഞാൻ ചെക്ക്‌ തരാം... ബാങ്കിലിടാം.... അല്ലേ വേണ്ട... ഒരാഴ്ച സമയം താ... ശരിയാക്കാം..."

നിശബ്ദത... നിശബ്ദത മാത്രം..

        ഇതിപ്പോ കാശ്  കടം കൊടുത്തത് ഞാൻ അല്ലേ... അതോ ഞാൻ ആണോ തിരിച്ച് കൊടുക്കാനുള്ളത്...???
 
   കാശ് മേടിച്ചതീപ്പിന്നെ അറിയാണ്ട്  പോലും ഒരു മിസ്സ് കോളോ whatsapp മെസ്സേജോ അയക്കാത്തതുകൊണ്ട് എത്രയോ ദിവസങ്ങളിൽ ഇന്നിയാളെ നേരിട്ട് കണ്ട്  മേടിച്ചട്ടെയൊള്ളൂയെന്ന് വിചാരിച്ച് വീടിനു മുന്നിൽ വരെ പോയി തിരിച്ച് വന്നു...  പോലീസ്‌ സ്റ്ററ്റേഷനിൽ പരാതി കൊടുത്താലോ.. അല്ലേൽ  ഒന്നൂടെ വീട്ടിൽ പോയി ചോദിക്കാം.... എന്നാ ഒരാഴ്ച കൂടി നോക്കാം.... 
     അങ്ങനെ  ഇയ്യാള് പറയുന്നതും കേട്ട്  ഞാൻ ഇപ്പഴും കണ്ടവഴിയെല്ലാം പോയിക്കൊണ്ടിരിക്കുവാ..... എന്ന് ആര് ആർക്ക് എത്ര...????!!!
                       
                                                                  * * * *

          കുറേ ദൂരം ചെന്നപ്പോ കുട്ടയിലൊരു അനക്കം. കുട്ടയ്ക്കകത്ത് പന്ത് പോലെ ചുരുണ്ടിരുന്ന ഈനാംപേച്ചി പറഞ്ഞു.. "തിരുമേനി  ഈ വഴി പോ...!" തിരുമേനി ആ വഴി പോയി. കുറച്ചു കഴിഞ്ഞപ്പോ പറയുവാ "തിരുമേനി ആ വഴി അല്ല ഈ വഴി പോ...!" തിരുമേനി അതുവഴി  പോയി.

അങ്ങനെ അങ്ങനെ തിരുമേനിയിപ്പോഴും കണ്ട വഴിയെല്ലാം പോയിക്കൊണ്ടിരിക്കുവാ. തലയിലിരിക്കുന്നത് മാടനാണെന്ന് തിരുമേനിക്കിതുവരെ പിടികിട്ടിയിട്ടില്ല...!!!


         - "ചുരുളി "  hangover  -


nb: കടം മേടിച്ചിട്ട്‌ കയ്യിൽ കാശു കിട്ടിയാലും തിരിച്ചു കൊടുക്കാതെ വലിപ്പിക്കുന്നവരേം മറ്റൊരു വിശേഷവും ചോദിക്കാതെ കാശിനു വണ്ടി മാത്രം വിളിക്കുന്നവരേം    ഉദ്ധേശിച്ചെഴുതിയത്‌....

pc:google

Comments

Post a Comment

Popular Posts

BUY

Search in Amazon