മാടൻ
വർഷം ഒന്നായീ... രണ്ടു ദിവസം കഴിഞ്ഞു തരാമെന്നു പറഞ്ഞു മേടിച്ച കാശ് ആണ്.ഇപ്പോൾ അത് കിട്ടിയാൽ വളരെ ആവശ്യങ്ങൾ ഉണ്ട്..." അവസാനമായി വിളിച്ചപ്പോഴും ചോദിച്ചതിതാണ്.....
നിശബ്ദത....
പിന്നെയും നിശബ്ദത....
കൃത്യം രണ്ടു ദിവസം കഴിയുമ്പോ തന്നെ എങ്ങനെ തിരിച്ചു ചോദിക്കും എന്നുള്ള മടി കൊണ്ട് മൂന്നാം ദിവസമായപ്പോൾ വിളിച്ചു. തലേദിവസം എന്നെ വിളിക്കാത്തതിനുള്ള കാര്യകാരണങ്ങൾക്ക് ശേഷം "പണം ആയിട്ടില്ല... മറ്റന്നാളത്തെക്ക് നിനക്ക് ആവശ്യമുള്ളത് കൊണ്ട് മറ്റേതേലും സുഹൃത്തുക്കളോട് രണ്ടു ദിവസത്തേക്ക് ചോദിക്കാമോ. എങ്ങുനിന്നും കിട്ടിയില്ലായെങ്കിൽ നമക്ക് ശരിയാക്കാം" ...!!!
മറ്റുള്ളവരുടെ നിസ്സഹായവസ്ഥ നമുക്ക് ചിലപ്പോൾ ചിന്തിക്കാനാവില്ല നമ്മളും അതെ അവസ്ഥയിലാകുന്ന വരെ... അതുകൊണ്ട് നിർദേശപ്രകാരം മറ്റൊരു സുഹൃത്തിനോട് രണ്ടു ദിവസത്തെ അവധിയും പറഞ്ഞു മേടിച്ചു ആവശ്യങ്ങളൊക്കെ നടത്തി.. ബാങ്കിലടയ്ക്കാനുണ്ടായിരുന്നതും അടച്ചു.
നിശബ്ദത.... കുറച്ച്കൂടി നിശബ്ദത....
ഇത്തവണ രണ്ടാം ദിവസത്തെ വൈകുന്നേരം തന്നെ വിളിച്ചു ...
"കാശ് റെഡിയായതായിരുന്നു.. പക്ഷെ വേറെ ഒരു സുഹൃത്തിനു അത്യാവിശ്യമായി വന്നപ്പോൾ അത് പുള്ളിക്ക് കൊടുത്തു.. നിനക്ക് ഞാൻ ഒരു ആഴ്ച കൂടി കഴിഞ്ഞു ശരിയാക്കാം...!!"
രണ്ടു ദിവസം പറഞ്ഞു ഞാൻ കടം മേടിച്ച എന്റെ സുഹൃത്തിനോട് ഞാൻ ഒരു മാസത്തെ അവധി പറഞ്ഞു.തുടർന്ന് അടുത്ത സാലറിയിൽനിന്നും അത് പോയിക്കിട്ടി.
ഒരാഴ്ചയ്ക്ക് ശേഷം "പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടക്കുന്നത്കൊണ്ട് ദിവസേനെ ഇപ്പോൾ നല്ല ചിലവാണ്.. ഒരാഴ്ച കൂടെ ഒന്ന് താമസിക്കും..!"
വീണ്ടും ഒരാഴ്ചയ്ക്ക് ശേഷം " എടാ അക്കൗണ്ടിൽ കാശുണ്ട്... പക്ഷെ പഞ്ചായത്ത് തിരഞ്ഞെടുപ്പ്നടക്കുന്നത് കൊണ്ട് ട്രാന്സാക്ഷന്സ് എല്ലാം നിരീക്ഷണത്തിലാണ്. തിരഞ്ഞെടുപ്പ് റിസൾട്ട് വന്നാലുടൻ ഇത് ശരിയാക്കാം"
നിശബ്ദത.... കുറെ നിശബ്ദത....
"കൊറോണ ആയതു കൊണ്ട് പണി കുറഞ്ഞു.. ആകെ പ്രശ്നങ്ങൾ ആണ്.... എന്തെങ്കിലും അത്യാവശ്യം വരുവാണേൽ ഒരു ഒരാഴ്ച മുന്നേ ഒന്ന് അറിയിച്ചാൽ ഉടനെ ശരിയാക്കാം ."
നിശബ്ദത.... വീണ്ടും വീണ്ടും നിശബ്ദത....
ഒരു ഹോസ്പിറ്റൽ അത്യാവശ്യം വരുന്നത് കൊണ്ട് പറഞ്ഞത് പോലെ വിളിച്ചു ...
"ഡിസ്ചാർജ് ആവുന്ന ദിവസം കാലത്തെ ഒന്ന് വിളിച്ചാൽ മതി... ആശുപത്രിയിൽ വെച്ച് കാണാം"
ഡിസ്ചാർജ് ദിവസം ഉച്ച മുതൽ വിളി തുടങ്ങീ ..... നിശബ്ദത.... കൊടും നിശബ്ദത....
ഇടയ്ക്കിടെ ഉണ്ടായിരുന്ന കുശാലാന്വേഷണവിളികൾ എന്നേ നിന്നു... നേരിട്ടുള്ള കാഴ്ചകൾ കുറഞ്ഞു..
ആഴ്ചകൾക്കുശേഷം വളരെ പരിശ്രമത്തിനൊടുവിൽ ഫോണിൽ കിട്ടിയപ്പോൾ കാശു റെഡിയാകുമ്പോൾ തരാൻ പറഞ് വിശേഷങ്ങൾ പറഞ്ഞു പിരിഞ്ഞു...
" അപ്പോ നിനക്ക് അവൻ കാശ് തന്നില്ലേ.. കാശ് നിനക്ക് തരണം എന്ന് അവനോട് ഞാൻ പറഞ്ഞതാർന്നല്ലോ ....!"
മറ്റാരോടേലും പറഞ്ഞിട്ടുണ്ടെൽ അത് എന്നോടും കൂടെ പറയേണ്ട സാമാന്യ മരിയാദയെകുറിച്ച് ചോദിച്ചപ്പോൾ... സ്വന്തം ആവശ്യത്തിന് മേടിച്ചത് തിരികെ തരാത്തത് മറ്റാരോ തരാത്തത് കൊണ്ടാണെന്ന്...
വിശ്വസമായില്ലങ്കിൽ ഇപ്പൊ തന്നെ അവനെ വിളിച്ച് ചോദിക്കാം ...അത് കിട്ടാതെ ഇത് തരാൻ ഒരു നിർവാഹവും ഇല്ലന്നായി..... ഇനിയിപ്പോ രണ്ടു പേരെയും വിളിക്കണ്ട ഉത്തരവാദിത്വം എനിക്കായോ ..!
വിളിക്കുന്നു എടുക്കുന്നില്ല... വിളിക്കുന്നു എടുക്കുന്നില്ല... വിളിക്കുന്നു എടുക്കുന്നില്ല....
നൂറു നൂറു ശ്രമങ്ങൾ... എപ്പഴേലും എടുത്താൽ "അടുത്താഴ്ച...."
കാശ് കിട്ടിയാൽ കാത്ത് നിക്കുന്ന ചിലവുകൾ , എപ്പോൾ തരുമെന്ന് ചോദിക്കാനായി ദിവസവും വിളിക്കുന്ന ഫോൺ കോളുകൾ.. ഒന്നിനും ഉത്തരമില്ലാതെ ആകുമ്പോഴുള്ള ദേഷ്യം പിന്നെ നിരാശ .. ഇതിനെല്ലാം ചിലവഴിക്കുന്ന വിലപ്പെട്ട സമയം.. എല്ലാത്തിനും പുറമെ വളരെ അടുത്ത ഒരാൾ നമ്മളെ പറ്റിക്കുവാണോ എന്ന മാനസീകവിഷമം..... രാത്രിയെന്നില്ല പകലെന്നില്ലാതെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ കാശ് കൊടുത്ത് ഒരാളെ സഹായിച്ചട്ട് വളരെ സൗകര്യ പൂർവം മറന്നുനടക്കുന്നു...
"അടുത്താഴ്ച ശരിയാക്കാം ..."
"അക്കൗണ്ടിൽ കാശു കിടക്കുന്നുണ്ട്.... പക്ഷേ എടുക്കാൻ പറ്റുന്നില്ല.. ശരിയായാൽ അപ്പൊത്തന്നെ എടുത്ത് തന്നേക്കാം.."
"ഞാനെവിടെയും പോകുന്നില്ല നിനക്ക് തരാനുള്ളത് തന്നിട്ടേ ഞാൻ പോകു... അടുത്താഴ്ച ശരിയാക്കാം ..."
കുറേ ദൂരം ചെന്നപ്പോ കുട്ടയിലൊരു അനക്കം. കുട്ടയ്ക്കകത്ത് പന്ത് പോലെ ചുരുണ്ടിരുന്ന ഈനാംപേച്ചി പറഞ്ഞു.. "തിരുമേനി ഈ വഴി പോ...!" തിരുമേനി ആ വഴി പോയി. കുറച്ചു കഴിഞ്ഞപ്പോ പറയുവാ "തിരുമേനി ആ വഴി അല്ല ഈ വഴി പോ...!" തിരുമേനി അതുവഴി പോയി.
അങ്ങനെ അങ്ങനെ തിരുമേനിയിപ്പോഴും കണ്ട വഴിയെല്ലാം പോയിക്കൊണ്ടിരിക്കുവാ. തലയിലിരിക്കുന്നത് മാടനാണെന്ന് തിരുമേനിക്കിതുവരെ പിടികിട്ടിയിട്ടില്ല...!!!

Nice one ✌️
ReplyDeleteKollallo
ReplyDeletePolice last madan aakathirunna mathi 😉
ReplyDeleteAarada Mone aa MAADAN.
ReplyDeleteAdipoli👌🏻
ReplyDelete