My favorites

ഒരു കുഞ്ഞു ഭൂമികുലുക്കം

 ബാഗ് നേരെ കിടക്കയിലേക്ക് വലിച്ചെറിഞ്ഞു .യൂണിഫോം ഊരി എങ്ങോട്ടൊക്കെയോ എറിഞ് നേരെ അടുക്കളയിലേക്കോടി."അമ്മേ ചായാ ". സ്കൂളിൽ നിന്നും നടന്നു വരുന്നതുകൊണ്ട് നല്ല വിശപ്പാണ്. അമ്മ എന്തൊക്കെയോ ഉണ്ടാക്കി വെച്ചിട്ടുണ്ട്.വലിച്ച് വാരിത്തിന്നുന്നതിനിടയിലാണ് ഞാൻ അമ്മയുടെ ശബ്ദം ശ്രദ്ധിക്കുന്നത് . അമ്മയെന്തിനാ  കിടന്നലറുന്നതെന്നു ആലോചിച്ചിരിക്കുമ്പോഴാണ് നല്ല രണ്ട്‌ തകർപ്പനടി  പുറത്തേക്ക് കിട്ടുന്നത്. "സ്കൂളീന്ന് വന്നാ  അടുക്കും ചിട്ടയോടും കൂടെ എല്ലാം ചെയ്യണമെന്ന്  എത്രതവണയണ് പറഞ്ഞേക്കുന്നത്..!". യൂണിഫോമും ബാഗും ഊരി  വലിച്ചെറിഞ്ഞതിനാണന്നു അപ്പോഴാണ്  മനസിലായത്. നല്ല വേദനയുണ്ടായിരുന്നെങ്കിലും അതിനുപുറകേ പിന്നെ ഒന്നും പറയാൻ പോയില്ല. പിന്നേം അടികിട്ടി വെറുതെ കിടന്ന് കരഞ്ഞാ പിന്നെ മുന്നിലിരിക്കണ ഭക്ഷണവും കിട്ടില്ല. അതുകൊണ്ട് കഴിക്കുന്ന  പുട്ടിലും കടലയിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ശരീരത്തിൻ്റെ  വേദന കടിച്ചിറക്കി  .

   ചായ കഴിഞ്ഞാ   നേരെ കനാലിലേക്ക്‌. കൂട്ടുകാരെല്ലാം  വെള്ളത്തിൽ ഉണ്ടാകും. ഒരു ഒന്നൊന്നര മണിക്കൂർ നാട്ടിലുള്ള ചേട്ടന്മാരും കൂട്ടുകാരും എല്ലാം  കൂടെ ആനക്കൂട്ടം  കുളത്തിലിറങ്ങുതുപോലെ ഒരു ആഘോഷം . കനാലിനു കുറുകെയുള്ള വലിയ പാലത്തിനു മുകളീന്ന് വെള്ളത്തിലേക്ക് ഊളിയിടുക ,തൊട്ടാതൊടീൽ കളിക്കുക, വെള്ളത്തിൽ മുങ്ങിക്കിടക്കുക ,തലകീഴായി കാരണം മറിഞ്ഞു ചാടുക തുടങ്ങിയ കലാപരിപാടികളാണ് പിന്നേ . ഒപ്പം ആർക്കേലും ഒരു പരിക്കും  എന്നും ഉറപ്പാ, കാലിൽ കുപ്പിച്ചില്ല് കേറുക ഏതേലും മരക്കുറ്റിയിൽ കാലിടിക്കുക, ഓടുന്നതിനിടയിൽ വീണു മേലൊക്കെ ഒരഞ്  മുറിയുക അങ്ങനെ.  അവസാനം അമ്മ വടിയെടുത്ത് കനാലുവരെ വരെ വന്നു നാട്ടുകാരുടെ മുന്നിലൂടെ ഓടിച്ചിട്ട്  തല്ലി കഴിഞപ്പോഴേക്കും കുളിയൊക്കെ നിർത്തി വീട്ടിൽ കേറി .

സന്ധ്യയായപ്പോഴേക്കും ഇനിയെന്ത് ചെയ്യണമെന്നാലോചിച്ച്  വെറുതെയങ്ങനെ ഇരിക്കുമ്പോഴാണ് എൻ്റെ സ്ഥിരം പാരയായ അനിയൻ കരഞ്ഞോണ്ട് വരുന്നത്. അവനെയാണെ  എല്ലാരും കൂടിയങ് കൊഞ്ചിച്ച്  കൊമ്പത്തുകേറ്റി   വെച്ചേക്കുവാ. നടന്നു പോയവഴിക്ക് അവൻ്റെ വക രണ്ടിടി !. ഹോ..പുറം  പുളഞു പോയി. അമ്മാതിരിയിടി . കുഞ്ഞി ശരീരമാണെന്നു പറഞ്ഞിട്ട് കാര്യമില്ല. ഉള്ള ആരോഗ്യമൊക്കെയെടുത്താ  ഇടിക്കുന്നത്  . കുഞ്ഞനുജനായതുകൊണ്ട്  അവൻ തന്നത് ഞാൻ സന്തോഷത്തോടെ സ്വീകരിച്ചു . എന്നാലും ഇങ്ങനെയൊക്കെ ഇടിക്കാൻ   കുറഞ്ഞത് ഒരു കാരണമെങ്കിലും വേണ്ടേ. പുറം തിരുമ്മിക്കൊണ്ട് ഞാൻ പഠിയ്ക്കാൻ ബുക്കെടുത്തു. കുറേ  ഹോംവർക്ക് ചെയ്യാനുണ്ട് , മലയാളം പദ്യം കാണാതെ പഠിക്കാനുണ്ട്, ഐ ടി പഠിക്കാനുണ്ട്‌ . ഐ ടി , അതിൽ തുടങ്ങാം. അല്ലേ  നാമ്പോലൻ  നാളേ  പറപ്പിക്കും. അനീഷ് സാറിൻ്റെ  ശരീരപ്രകൃതികൊണ്ടും അതിന്നു ചേരാത്ത സ്വഭാവോം കൊണ്ടും  സ്കൂളിലെ ഏതോ ഒരുത്തൻ വർഷങ്ങൾക്കു മുന്നേ ഇട്ടു കൊടുത്ത പേരാണ് . അത്  വായ്മൊഴിയായി കൈമാറ്റം ചെയ്ത പോയ്‌കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായി ഞങ്ങളും  വിളിക്കുന്ന പേരാണ് നാമ്പോലൻ. ബുക്കിൽ നോക്കുമ്പോ തന്നെ ഉറക്കം വരുന്നു. കുറച്ച് നേരം നഖം കടിച്ചും മൂക്കിൽ വിരലിട്ടും സമയം കളഞ്ഞു. പിന്നേം ഓരോന്നൊക്കെ ആലോചിച്ചിരിക്കുന്നിതിനിടയിലാണ് വനജയുടെ മുഖം കേറിവന്നത്.   

വനജ ക്ലാസ്സിലെ കുട്ടിയാണ്. ഒടുക്കത്തെ പഠിപ്പിസ്റ്റും . കാണാനൊക്കേ ഇത്തിരി സുന്ദരിയാണന്നുള്ളതുകൊണ്ട്   ഉള്ള ആൺപിള്ളേരൊക്കെ പുറകെ നടക്കുന്നതിൻ്റെയൊരു ജാഡ   വേറെ. ഇന്നവളോടൊരു പേന എഴുതാൻ കടം തരുമോന്നു ചോദിച്ചപ്പോ തരില്ലാന്ന്. ഞാൻ പേന ചോദിക്കുന്നതിനിടയിൽ മനോഹരൻ  സാർ ക്ലാസിനിടയിൽ  വർത്തമാനം  പറഞ്ഞെന്നും പറഞ് അവളെ പൊക്കി. ഞാൻ പേന ചോദിച്ചതാണെന്നൊന്നും  പറയാനുള്ള സാവകാശമൊന്നും  സാറുകൊടുത്തില്ല. നല്ല ചീത്തയും പറഞ്ഞു, ഒരു അടിയും കിട്ടി. കുട്ടിയിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ലെന്ന്  സാർ പറഞ്ഞതാണ് അവളെ തകർത്ത് കളഞ്ഞത്. തൊട്ടടുത്ത ക്ലാസ്സിൽ പഠിക്കുന്ന  ചേട്ടനോട് പറഞ്ഞ് നിന്നെ ശരിയാക്കുമെന്നും പറഞ്ഞു  ഒടുക്കത്തെ കരച്ചിലായിരുന്നു  ഇന്നത്തെ ദിവസം മുഴുവൻ  ക്ലാസിൽ. അല്ലേലും ഈ പഠിപ്പിസ്റ് പിള്ളേരൊക്കെ ഇങ്ങനെയാ. ചെറിയ കാര്യങ്ങൾ മതി.

8  മണിയായപ്പോഴേക്കും അച്ഛൻ ജോലി കഴിഞ്ഞെത്തി. പാര  ഓടിച്ചെന്നു. അച്ഛൻ വരുമ്പോ കയ്യിൽ ചോക്ലേറ്റ് ഉണ്ടാകും എന്നവനറിയാം. പക്ഷേ പതിവിനു വിപരീതമായിട്ട് അച്ഛൻ്റെ ചെവിയിലെന്തൊക്കെയോ പറയുന്നുണ്ട്. ഞാൻ പ്രതീക്ഷിച്ചത് പോലെത്തന്നെ അച്ഛൻ നേരെ എൻ്റെ അടുത്തെത്തി. "അവൻ്റെ പുതിയ പെൻസിൽ എന്ത്യേടാ!" . ഞാൻ കൈ മലർത്തി. "പെൻസിലാ ! എനിക്കറിയൂല." ആ മലർത്തിയ  കൈകളിലേക്ക് തന്നെ ഒരു ചെറിയ പിച്ച് കിട്ടി. കുറച്ച് തൊലി പോയതൊഴിച്ചാൽ വേറെ ഒരു കുഴപ്പവുമില്ല. വൈകുന്നേരം അവൻ്റെ കയ്യിൽനിന്നും കിട്ടിയ ഇടിയുടെ കാരണം അപ്പോഴാണ് മനസിലായത്  . സത്യസന്ധതയ്‌ക്കൊന്നുമിവിടെ ഒരു വിലയുമില്ലേ. ഞാനെന്ത്  എല്ലാവരുടെയും ചെണ്ടയോ. രോഷംകൊണ്ട് എൻ്റെ കണ്ണുകൾ ചുമന്നു. പ്രതികരിച്ചട്ടു തന്നെ കാര്യം. അച്ഛൻ്റെ മുഖത്ത് നോക്കി  പറയാൻ ധൈര്യമില്ല. അമ്മയുടെ അടുത്തുമൊന്നും  നടക്കില്ല. അനിയനെ തൊടാനേ  പറ്റില്ല. എന്തുചെയ്യും , മുന്നിലിരിക്കണ ചില്ലുപാത്രം  എടുത്തെറിഞ്ഞു പൊട്ടിച്ച് തുടങ്ങാം.അതെ അത് മതി . പാത്രം കയ്യിലെടുത്തതും അടുക്കളയിൽ നല്ല മത്തി  വറക്കുന്നതിൻ്റെ  മണം മൂക്കിലടിച്ചു !. പാത്രം പതിയെ താഴേക്ക് വെച്ച് നേരെ അടുക്കളയിലേക്ക് വിട്ടു. ചോറുണ്ടിട്ടാകാം . അല്ലേൽ പട്ടിണിയാകും. പരീക്ഷ പേപ്പർ ഒപ്പിടീക്കുന്നതും പറയാനുള്ളതാ.

പരീക്ഷ  പേപ്പർ ഒപ്പിടീക്കാത്തതിന് രണ്ടു ദിവസമായിട്ട്  ക്ലാസിനു പുറത്താണ്. ഇനിയും ഒപ്പിട്ട്  വന്നില്ലേ സ്കൂളിൽ കേറ്റില്ലത്രേ . ആകെ ഹിന്ദിക്ക് മാത്രേ ജയിച്ചട്ടുള്ളു. എങ്ങനെ ഞാനിത് കാണിക്കും. അച്ഛന്റെ ഒപ്പിടാന്നു വെച്ചാൽ ലോകത്തുള്ള ഒരാൾക്കും അതിനു പറ്റില്ല.അച്ഛനെ  കാണിക്കുക തന്നെ വഴി.ഈ ഒപ്പ് കണ്ടുപിടിച്ചവനെ എൻ്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ .  ഈശ്വരനെ മനസ്സിൽ വിചാരിച്ച് പൂഴ്ത്തിവെച്ച പരീക്ഷ പേപ്പറുകളൊക്കെ കുത്തിപ്പൊക്കി അച്ഛന് മുന്നിലെത്തി. മലയാളത്തിൻ്റെ പേപ്പർ കണ്ടതും എല്ലാം കൂടെ ചുരുട്ടിക്കൂട്ടി തൊഴുത്തിൽ വിശ്രമിയ്ക്കുന്ന   നന്ദിനി പശുവിന്റെ പാത്രത്തിലേക്കെറിഞ്ഞു . അവളത് രുചിയോടെ കടിച്ച് ചവച്ച് തിന്നു. ഹാവൂ ഇനിയിപ്പോ ഒരു ക്ലാസ്സിലും കേറണ്ടല്ലോ. സമാധാനമായി. ഇനിയും ഇതുപോലെ എന്തെങ്കിലും കിട്ടുമോയെന്നറിയാൻ അവൾ എൻ്റെയും അച്ഛൻ്റെയും മുഖത്തേക്ക് മാറിമാറി നോക്കി. ഇനി അടുത്ത പരീക്ഷയുടെ  പേപ്പർ ഒപ്പിടുന്ന  സമയത്ത് തരാമെന്ന ഭാവത്തിൽ ഞാനും അവളെ നോക്കി. അച്ഛൻ എന്നെയെടുത്തെറിയാഞ്ഞത്  അമ്മയുടെ ഭാഗ്യം. അപ്പഴേക്കും അമ്മയെത്തി. യുദ്ധം തുടങ്ങി!!. അമ്മയ്ക്കറിയേണ്ടത് കിഷോറിൻ്റെ മാർക്കായിരുന്നു.അവൻ എല്ലാ വിഷയത്തിനും ജയിച്ചുയെന്നേ  ഞാൻ പറഞ്ഞോളു, നല്ല മാർക്കാണാന്നെങ്ങാനും  അമ്മയറിഞ്ഞാ ശവമടക്കും പതിനാറടിയന്തിരവും  ഒരുമിച്ച് നടക്കും. കിഷോറിൻ്റെ അമ്മയുടെ മുഖത്തെങ്ങനെ നോക്കുമെന്നായീ അമ്മയുടെ വിഷമം. ഇനി നീ പഠിക്കാൻ പോകണ്ടന്ന് അച്ഛൻ. പിന്നേ !! ഞാൻ മനസ്സിലോർത്തു. ഉത്തരവും അച്ഛൻ തന്നെ പറഞ്ഞു . ഡൊമനിക്കശാൻ്റെ വർക്ക്ഷോപ്പിൽ കൊണ്ടാക്കാമെന്ന്. അതുകൊള്ളാം, വെറുതെ സ്കൂളിൽ പോയി പുറത്തുനിൽക്കണ്ടല്ലോ.!

കിഷോറിനെ കണ്ട് പഠിയ്ക്കാടാന്ന് അമ്മായിടക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു. കിഷോറിനെ കണ്ട പഠിയ്ക്കാനേ , അടിപൊളി. എല്ലാ തല്ലുകൊള്ളിത്തരവും തോന്ന്യാസവും കൈയിലുണ്ട്. എന്നട്ടും ഇവനൊക്കെ എങ്ങനെ ഇങ്ങനെ പഠിച്ച് മാർക്ക് വാങ്ങുന്നതെങ്ങനെയാണന്നാ  മനസിലാവാത്തേ.  അച്ഛൻ  പിന്നെ ഒരു മിണ്ടാട്ടവുമില്ലാണ്ടായി. അമ്മ കരഞ്ഞു തുടങ്ങീ , പ്രാരാബ്ധങ്ങളുടെ പട്ടിക  ഓരോന്നായി എണ്ണിത്തുടങ്ങി  . ഞാൻ പഠിച്ച് ഒരു ജോലി  മേടിച്ചട്ട്  വേണമത്രേ   എല്ലാം ഒന്ന് ശരിയാക്കാൻ.ഇതിലും ഭേതം രണ്ടു തല്ലായിരുന്നു. അല്ലേലും  അച്ഛനമ്മ മാർക്ക്  വികാരപരമായി  മാനസീക സമ്മർദ്ദത്തിലാക്കി കാര്യം സാധിക്കാൻ ഒരു വല്ലാത്ത കഴിവാണല്ലോ. ഒരു കുഞ്ഞു ഭൂമികുലുക്കം തന്നേ  അന്നുണ്ടായി..!

 - 2009 -2010  യൂണിയൻ ക്രിസ്ത്യൻ കോളേജ് മാഗസിനിൽ പ്രസിദ്ധീകരിച്ച 'ഒരു കുഞ്ഞു ഭൂമികുലുക്കം' എന്നതിൽ നിന്ന് . - 

Comments

Popular Posts

BUY

Search in Amazon