blockchain_വാസു
സ്കൂളിന് മുന്നിലുള്ള വഴിയിലൂടെ ഏതുസമയത്തു പോയാലും മനസിൻ്റെ ഒരു നോട്ടിഫിക്കേഷൻ കിട്ടാറുണ്ട്. ഓർമകളുടെ ഒരു നോട്ടിഫിക്കേഷൻ. ഓരോ തവണയും ഓർക്കുമ്പോഴും തൊട്ടുമുന്നേ ഓർത്തതിനേലും മധുരത്തോടെ ആ പഴയകാലം ആസ്വദിക്കും. ബാഗുമായി നടന്നും ഓടിയും സൈക്കിളിലും ഏതോ ഒരു സമയത്ത് ബൈക്കിലുമൊക്കേ ആർത്തുല്ലസിച്ച് നടന്ന ആ സ്കൂൾ ക്കാലം. സുരേഷ് സാറിൻ്റെ കണക്ക് ക്ലാസും ശങ്കരൻ സാറിൻ്റെ കെമിസ്ട്രി ക്ലാസും ശശി സാറും ജെസ്സി ടീച്ചറും പരമേശ്വരൻ സാറും ഒക്കേ ഒരേപോലെ പി ടി എ മീറ്റിംഗിൽ വെച്ച് പറയാറുള്ള സ്ഥിരം തള്ളലുകളും "യെവനെയൊക്കെ കയറുകെട്ടിയിട്ടു പിടിച്ചോ അല്ലേ കൈവിട്ടുപോകും " എല്ലാം മനസിലേക്ക് ഓടിക്കേറും . സ്കൂളും വഴികളും പരിസരത്തുള്ള കടകൾക്കുമൊക്കെ മാറ്റങ്ങൾ വന്നിരിക്കുന്നു. പക്ഷെ വർഷങ്ങൾക്കപ്പുറമുള്ള ഓർമകൾക്കിപ്പഴും ഇരട്ടി മധുരം.
ഇന്ന് സ്കൂളിന് മുന്നിലൂടെ പോയപ്പോൾ വളരെ യാദൃശ്ചികമായാണ് ബ്ലോക്ക് ചെയിനും മനസിലേക്ക് കേറി വന്നത് . ചില സമയങ്ങളിൽ ഒരു പരസ്പരബന്ധവുമില്ലാത്ത കാര്യങ്ങൾ എങ്ങനെ ഒരേപോലെ ഓർക്കുന്നു എന്നത്ഭുതപെടാറുണ്ട് . പക്ഷേ അത് തമ്മിൽ ശരിക്കുമെന്തെങ്കിലും ഒരു ബന്ധമുണ്ടാകുമോ..!? തീർച്ചയായും ഉണ്ട് . ഒന്നുകൂടെ ചിന്തിച്ചാൽ ആ കൂട്ടുകെട്ട് നമ്മൾക്ക് മനസിലാകും.
ഒരാഴ്ചയായി ക്ലാസ്സിലെ പ്രശ്‍നം ജ്യോമെട്രി ബോക്സ് ആയിരുന്നു. സുരേഷ് സാർ പതിവിലും ദേഷ്യത്തിലായിരുന്നു അന്ന് . രണ്ട് മൂന്നു ദിവസമായി ഇതൊരു ആഭ്യന്തര പ്രശ്നമായി മാറിയിരിക്കുകയാണ് ക്ലാസ്സിലും വീട്ടിലും. ജ്യോമെട്രി ബോക്സ് എല്ലാവർക്കും ഇല്ലാത്തതുകൊണ്ട് ക്ലാസ് എടുക്കാൻ പറ്റാതെ സാറും, മാസാവസാനമായത്കൊണ്ട് ബുദ്ധിമുട്ടിയിരിക്കുന്നിതനിടയിൽ ഇപ്പൊ ഇത് വാങ്ങണോയെന്ന ആശയക്കുഴപ്പത്തിലിരിക്കുന്ന വീട്ടുകാരും. അന്ത്യശാസനം വന്നുകഴിഞ്ഞു. ഒപ്പം ഉച്ചിയിലടിയും. സുരേഷ് സാറിൻ്റെ മാസ്റ്റർപീസ് ആണ് തലയിലടിക്കുന്നത്. ഒരൊറ്റ അടിമതി വേദന കാൽവിരലിൻ്റെ തുഞ്ചത്തെത്തും. ഗതികെട്ട് ജ്യോമെട്രി ബോക്സ് വാങ്ങാൻ വീട്ടിൽ തീരുമാനമായി. പിറ്റേദിവസം കൂടെ ചാച്ചനും വന്നു. സണ്ണി ചേട്ടൻ്റെ കടയിൽ നിരത്തിവെച്ചിരിക്കുന്ന ക്യാമൽ ബോക്സിലായിരുന്നു എൻ്റെ കണ്ണ്. കാരണം ക്യാമലായിരുന്നു അന്നത്തെ ഹീറോ. അത്പോലെ തന്നെ വിലയും.! അതുകൊണ്ട് തന്നെ ചാച്ചൻ വാങ്ങിയത് നടരാജൻ ബോക്സ് ആയിരുന്നു. ഏതേലും ആവട്ടെ കിട്ടിയതായി. ബോക്സ് എടുത്തുതരുമ്പോ സണ്ണി ചേട്ടൻ്റെ വക ഒരു ഓർമിപ്പിക്കലും " ഈ മാസം പറ്റ് കുറച്ച് കൂടുതലാണല്ലോ ..!".
എൻ്റെ ഓർമയിൽ വീട്ടിലേക്ക് വാങ്ങുന്ന സാധനങ്ങൾ പച്ചക്കകറികൾ , പഠനാവിശ്യത്തിനായി വാങ്ങുന്നവ ഇടയ്ക്കിടക്ക് വാങ്ങുന്ന ബേക്കറി സാധനങ്ങൾ എല്ലാം കടകളിൽ നിന്നും പറ്റായിട്ടായിരുന്നു വാങ്ങുന്നത്. അതായത് ഈ കടകളിലെല്ലാം മാസാവസാനമേ കാശുകൊടുക്കൂ. അതുകൊണ്ട് തന്നെ എല്ലാ സാധനങ്ങൾക്കും ഒരു സ്ഥിരം കടയുണ്ടാകും കടയിൽ ചാച്ചൻ്റെ പേരിൽ ഒരു ബുക്കും . വാങ്ങുന്ന കണക്കുകൾ എഴുതാൻ.
ചില ദിവസങ്ങളിൽ അമ്മ പറയുന്ന പഞ്ചസാരയും അരിയും സ്കൂൾ കഴിഞ്ഞു വരുമ്പോ മേടിച്ച് വരും. ചിലപ്പോൾ ബേക്കറിയിൽനിന്നും ചിലദിവസങ്ങളിൽ പെട്ടന്നന്നൊരു ബുക്കോ പേനയോ ആവശ്യം വന്നാൽ ഓടിപ്പോയി വാങ്ങും. എല്ലായിടത്തും ഒറ്റ വാചകം "ചേട്ടാ ചാച്ചൻ്റെ പറ്റിലെഴുതിയേക്കട്ടോ !". വില ചോദിക്കും, ബുക്കിൽ അവർ കൃത്യം വില തന്നെയല്ലേ എഴുതുന്നതെന്ന് നോക്കിയുറപ്പാക്കും. അത് വീട്ടിൽ പോയി കൃത്യമായി പറയണം. പറ്റിൽ സാധനങ്ങൾ മേടിക്കുമ്പോൾ വീട്ടിൽ നിന്നുള്ള നിർദേശമാണത്. ചാച്ചനും ഒരു കണക്കുണ്ടാകും. ഏതൊക്കെ കടകളിൽ എത്രയൊക്കെ ആയിട്ടുണ്ടാകുമെന്ന് . മാസാദ്യം ശമ്പളം കിട്ടിക്കഴിയുമ്പോൾ സ്ഥിരം കടകളിലെല്ലാം കണക്ക് തീർത്ത് കാശ് കൊടുത്ത് അടുത്ത ദിവസങ്ങളിലേക്ക്‌വേണ്ട കുറച്ച് സാധനങ്ങളും തിന്നാനുള്ള എന്തെങ്കിലും സ്പെഷ്യൽ സാധനങ്ങളും വാങ്ങി ചാച്ചൻ വീട്ടിലെത്തും. അതാണ് രീതി.
ആ സമയങ്ങളിൽ ഒട്ടുമിക്ക മാസാവസാനവും ചാച്ചൻ്റെ മനസിലുള്ള കണക്കും പറ്റ് ബുക്കിലുള്ള കണക്കും തമ്മിൽ ഒക്കാറില്ല . ചിലപ്പോൾ മറക്കുന്നതാകും അല്ലേൽ വീട്ടിലെ ആരേലും സാധനങ്ങൾ മേടിച്ചത് പറയാത്തതാകും. പക്ഷെ ചാച്ചൻ്റെ ബലമായ സംശയം കടയിലിരിക്കുന്ന പറ്റ് ബുക്കിൽ അവർ കള്ളക്കണക്ക് എഴുതുന്നതാണോയെന്നായിരുന്നു. അവരോട് ഇത് ചോദിക്കാനും പറ്റില്ല കാരണം തുടർന്നുള്ള ദിവസങ്ങളിലും സാധനങ്ങൾ വാങ്ങാനുള്ളതുകൊണ്ട് ഒരു വഴക്കിന് പോകാറില്ല. വിചാരിക്കുന്നതിലും കണക്ക് കൂടുമ്പോ ആ മാസം കട മാറി സാധനങ്ങൾ വാങ്ങും .
എല്ലാ മാസവും കടമാറുകയെന്നത് ഒരു പോംവഴിയല്ലാത്തതുകൊണ്ട് പ്രശ്‍നം എങ്ങനെ തീർക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ചാച്ചൻ്റെ ഉറ്റ സുഹൃത്ത് വാസുചേട്ടൻ പറഞ്ഞത് പറ്റ് മേടിക്കുമ്പോൾ നമ്മളുടെ ഒരു ബുക്കിലും അവരെക്കൊണ്ട് എഴുതിക്കുക എന്നത്. സാധനങ്ങൾ വാങ്ങിക്കുന്നുണ്ടങ്കിൽ അപ്പോൾ തന്നെ കടയിലുള്ള ബുക്കിൽ എഴുതുന്നതിനോടൊപ്പം നമ്മളുടെ ബുക്കിലുമെഴുതിപ്പിക്കുക. അതായത് ആരെന്തു മേടിച്ചാലും എല്ലായിടത്തേം കണക്കു നമ്മളുടെ ബുക്കിലും ഉണ്ടാകും. ഇപ്പോൾ കാശ് കൂടുന്നുമില്ല കുറയുന്നുമില്ല ആർക്കും പരാതിയുമില്ല. പ്രശനം വളരെ സിംപിളായി തീർന്നു. വാസുചേട്ടൻ ദി ഹീറോ..!
വളരെ കുറച്ച് വർഷങ്ങൾക്ക് ശേഷം ഏതാണ്ട് 2008 അവസാനത്തിൽ ലോകത്തിൻ്റെ ഏതോഒരുകോണിലുള്ള ആണാണോ പെണ്ണാണോ അതോ ഇനി ഒരു കൂട്ടം ആളുകളാണണോയെന്നുപോലും ഈ നിമിഷം വരെ ഒരറിവും ഇല്ലാത്ത , സതോഷി നകാമോട്ടോ നിർമിച്ചത് എന്ന പേരിൽ ഇൻറർനെറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു സംഭവമായിരുന്നു ബിറ്റ് കോയിൻ . അന്ന് ഒരു മനുഷ്യൻ പോലും ശ്രദ്ദിക്കാത്തതും ഇന്ന് ലോകത്തുള്ള മനുഷ്യരെല്ലാം പുറകെ പോകുന്നതുമായ ഒരു ഡിജിറ്റൽ കോയിൻ. ഈ ഡിജിറ്റൽ കോയിൻ നിർമിക്കുന്നതിനായി സതോഷി നകാമോട്ടോ വികസിപ്പിച്ചെടുത്ത മറ്റൊരു ആശയമാണ് ബ്ലോക്ക് ചെയിൻ. നമ്മടെ വാസുചേട്ടൻ പറഞ്ഞ അതേ ആശയം. അതായത് ബിറ്റ് കോയിൻ ഉപയോഗിച്ച് ആരെങ്കിലും എന്തെങ്കിലും കൊടുക്കൽ വാങ്ങൽ നടത്തിയാൽ അത് വിൽക്കുന്നവൻ്റെയും വാങ്ങുന്നവൻ്റെയും അതേ നെറ്റ് വർക്കിലുള്ള എല്ലാവരുടെയും ബുക്കിൽ (പബ്ലിക് ലെഡ്ജർ ) രേഖപ്പെടുത്തും. ഗുണമോ ഒരുത്തൻ കള്ളത്തരം കാണിച്ചാലും ബാക്കിയുള്ളവർ കണ്ടുപിടിക്കും.
ഇന്ന് 2022 ലും ഇന്റർനെറ്റിൻ്റെ ഭാവിഎന്ന് വിശേഷിപ്പിക്കുന്ന ബ്ലോക്ക് ചെയിൻ ടെക്നോളജി എന്ന അത്ഭുത ആശയത്തെ വർഷങ്ങൾക്ക് മുന്നേ നമ്മൾ ഇന്ത്യക്കാർ കണ്ടുപിടിച്ചിരുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്നു എന്നാണീ പറഞ്ഞു വരുന്നത് .
അല്ലേലും നമ്മൾ ഇന്ത്യക്കാർ ഇതൊന്നും അത്ര പ്രശ്നമാക്കാറില്ല. അല്ലായിരുന്നേൽ സായിപ്പുമാര് കണ്ടുപിടിച്ച് തള്ളിമറിച്ച് വെച്ചിരിക്കുന്ന പലതും നമ്മളിന്ത്യക്കാരുടെ പേരിലിരുന്നേനെ.!!
ഫേസ്ബുക്കും വാട്സ്ആപ്പും ആണ് ഇന്റെർനെറ്റെന്നു വിചാരിച്ചിരിക്കുന്ന വാസുചേട്ടൻ ഇപ്പഴും ബിറ്റ് കോയിനെന്നോ ബ്ലോക്ക് ചെയിനെന്നോ കേട്ടിട്ടുപോലുമില്ല..!!

😀😀👍👍👍
ReplyDelete👍👍😀😀
ReplyDelete