Sara's home
കോവിഡ് കാലത്ത് ഇറങ്ങിയ ചലച്ചിത്രങ്ങളും അവ മുന്നോട്ട് വയ്ക്കുന്ന ചിന്തകളും സാമൂഹികപ്രസക്തിയും മൂല്യങ്ങളുമുമെല്ലാം സുഹൃത്തുക്കളുമായി ചർച്ച ചെയ്യാറുള്ളതാണ്.
അതിൽ ഏറ്റവും കൂടുതൽ സംസാരിച്ച ഒന്നായിരുന്നു സാറാസ്. കാരണം ഒട്ടുമിക്കവരെയും രണ്ടു ധ്രുവങ്ങളിൽ നിർത്തുന്ന ഒരു വിഷയത്തിലൂടെയാണ് സാറാസ് കഥ പറയുന്നത്. സിനിമ കൃത്യമായ ഒരു ഉത്തരം തന്നു നിർത്തുമ്പോഴും കണ്ടു കണ്ണ് തിരുമ്മിയിരിക്കുന്ന പ്രേക്ഷകനു പക്ഷേ കഥ അംഗീകരിച്ചു ധാർമ്മികവിരുദ്ധനാവണോ അതോ എതിർത്ത് സ്ത്രീ വിരുദ്ധനാവണോ എന്ന ആശയകുഴപ്പത്തിലാണ് .
എന്നാൽ അധികമൊന്നും ചർച്ച ചെയ്യാതെ തന്നെ എല്ലാവരെയും ഒരേ പക്ഷത്തുനിർത്തുന്ന ഹോം ആണ് മറ്റൊന്ന്. നമ്മളുടെ തന്നെ ഹോം ആയി മാറുന്ന ഒരു മാജിക്.
ഈ രണ്ട് സൃഷ്ടികളും മികച്ചതാണന്നതിന് യാതൊരു തർക്കവും ഇല്ല. പക്ഷേ സാറാസ് കണ്ടുകഴിഞ്ഞപ്പോൾ മുതൽ ഏതാണ്ട് പകുതിയും, ഹോം കണ്ട് കഴിഞ്ഞപ്പോൾ പൂർണ്ണമായും മനസ്സിലേക്ക് വന്ന അലട്ടുന്ന ഒരു ചിന്ത പങ്കുവെക്കാം എന്ന് തോന്നി.
ജൂഡ് ആന്റണിയുടെ സാറാസിലും റോജിൻ തോമസിന്റെ ഹോം ലെയും പ്രധാന കഥാപാത്രങ്ങളായ സാറയും ആന്റണി ഒളിവർ ട്വിസ്റ്റും ഒരേ ചിന്താഗതിയിലൂടെ സഞ്ചരിക്കുന്ന ഇന്നത്തെ യുവജനങ്ങളുടെ പ്രതിനിധികളാണ്. അവർ പ്രതിനിധാനം ചെയ്യുന്നത് ചിലപ്പോൾ ഭൂരിപക്ഷ സമൂഹത്തെയാകാം ചിലപ്പോൾ ന്യൂനപക്ഷമാകാം . പക്ഷെ അവർ ഉയർത്തുന്ന ചോദ്യങ്ങളാണ് ആ സിനിമകളെ മുന്നോട്ട് നയിക്കുന്നത്.
മക്കളെ വളർത്തി വലുതാക്കിയതല്ലാതെ അമ്മ ജീവിതത്തിൽ ഇത്രയും നാൾ എന്താണ് ചെയ്തത് എന്ന് സാറാ ചോദിക്കുമ്പോഴും ഒരു പേജിന്റെ പകുതി പോലും ജീവിതത്തിലെ അച്ചീവ്മെന്റ്സ് എഴുതാനില്ലാത്ത പപ്പയോട് എന്താണ് പപ്പയുടെ ജീവിതത്തിൽ 'എക്സ്ട്രാ ഓർഡിനറി' യായിട്ടുള്ളത് എന്ന് ആന്റണി ഒലിവർ ട്വിസ്റ്റ് ചോദിക്കുമ്പോഴും പത്തറുപതു വർഷത്തെ അവരുടെ ജീവിതത്തെ ഒറ്റ ചോദ്യത്തിലൂടെ തകർത്തുകളഞ്ഞ നിസ്സഹായതക്കുമുന്നിലിരുന്നു കരയുന്ന റീത്താമ്മയും ഒലിവർ ട്വിസ്റ്റും കാഴ്ചക്കാരന്റെ നെഞ്ചിലെ വേദനയായി മാറുന്നുണ്ട്. ഇരുവരും അവരുടെ അമ്മയോടും പപ്പയോടും ചോദിച്ച ചോദ്യത്തിന്റെ ആഴം മനസ്സിലാവണമെങ്കിൽ റീത്താമ്മയുടെയും ഒലിവർ ട്വിസ്റ്റിന്റെയും സ്ഥാനത്ത് ഒരുത്തരം പറയാനാവാതെ നമ്മൾ എത്തിനിൽക്കണം.
തലകുനിഞ്ഞു പോയ ഇരുവരുടെയും നിസ്സഹായതയാണ് എന്നെ ദിവസങ്ങളോളം ചിന്തിപ്പിച്ചതും ഇതെഴുതാൻ പ്രേരിപ്പിച്ചതും. ചിലപ്പോൾ 7 മാസം മാത്രം പ്രായമുള്ള ,കുളിപ്പിക്കാനും ഭക്ഷണം കഴിപ്പിക്കാനും അവന്റെ കണ്മുന്നിൽകൂടി പോകുമ്പോൾ അവനെ എടുക്കാതിരുന്നാൽ വാശി പിടിച്ച് കരയുകയും ചെയ്യുന്ന എന്റെ കുഞ്ഞിന്റെ വായിൽനിന്നും ഒരിക്കൽ ഈ ചോദ്യത്തിന് ഞാൻ തലതാഴ്ത്തിനിൽക്കേണ്ടി വരുമോ എന്നുള്ള പേടിയുമാവാം.
മറ്റുള്ള കുട്ടികളെന്തുവിചാരിക്കും പറയുന്നത് ശരിയാണോ തെറ്റിയാൽ നാണം കെടും കറുത്തനിറമായതുകൊണ്ട് ആരും ഇഷ്ടപ്പെടില്ല പാട്ടു പാടില്ല കലാപരമായ ഒരു കഴിവുമില്ല പഠിക്കുകയുമില്ല മറ്റുള്ളവർ എപ്പോഴും കളിയാക്കും കൂട്ടുകാർ പറയുന്ന ചില വാക്കുകൾ മനസ്സിലാവില്ല വീട്ടിൽ ഒന്നിനും സൗകര്യമില്ല പെൺകുട്ടികളോട് സംസാരിക്കുമ്പോൾ വാക്കുകൾ വിക്കും പറയുന്നത് തമാശയാണെങ്കിലും ആരും മൈൻഡ് ചെയ്യില്ല എല്ലാത്തിനും പുറമെ ഇതെല്ലാം നടക്കാൻ വല്ലാത്ത ദൈവ ഭക്തിയും.. അങ്ങനെ സ്കൂൾ ജീവിതകാലം മുഴുവനും ചിന്തകളെല്ലാം അന്തർമുഖമായിരിക്കുകയും ഏതൊക്കെയോ ഡിഗ്രി പഠിച്ച് ഒരു ജോലി കിട്ടി പ്രാരാബ്ധങ്ങളെല്ലാം എടുത്ത് ഒരു കല്യാണം കഴിച്ച് കുട്ടികളായി വലിയ ആഗ്രഹങ്ങൾ മനസ്സിലൊതുക്കി ജീവിക്കുന്ന എത്രയോ പേർ . ഇതുവരെ ഉള്ള ജീവിതത്തിന്റെ ഗ്രാഫ് നോക്കുമ്പോൾ ലൈൻ ഒരു ആവറേജിൽ നിന്നും മുകളിലേക്കോ താഴേക്കോ പോയിട്ടുമില്ലാത്തവർ. എടുത്തുകൂട്ടിയ ലോൺ EMI കളിൽ മാസ സാലറി തീർന്നു വീണ്ടും അടുത്ത മാസത്തേക്കുള്ള പടയൊരുക്കം നടത്തുന്ന എത്രയോ ജീവിതങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. ജീവിതത്തിലെപ്പഴോ അകപ്പെട്ടുപോയ അന്തർമുഖ ചിന്തകളിൽ നിന്നൊക്കെ കരകേറുമ്പോഴേക്കും മറ്റു പലതും മനസ്സിലെ സ്വപ്നങ്ങളുടെ ചിറകിൽ പറക്കാനാവാത്ത വിധം കെട്ടിയിട്ടിട്ടുണ്ടാകാം.
പപ്പയുടെ ജീവിതത്തിലെ 'എക്സ്ട്രാ ഓർഡിനറി' എന്ത് എന്ന ചോദ്യം ഇന്നത്തെ പല മാതാപിതാക്കളും ചിന്തിച്ചാൽ മൗനത്തിലാകും. കാരണം ഉത്തരമായി നമുക്ക് കാണിക്കാൻ ഇൻസ്റ്റാഗ്രാം,ഫേസ്ബുക്ക് ഫോളോവേഴ്സില്ല സ്നാപ്പ്ചാറ്റില്ല ക്ലബ് ഹൗസിൽ സംസാരിക്കാറില്ല PHD കൾ ഇല്ല പടവെട്ടിപ്പിടിച്ച പണമില്ല ടെക് വിവരങ്ങളില്ല വിദേശങ്ങളിൽ യാത്ര ചെയ്യാറില്ല നാലാൾ കൂടുന്നിടത്ത് നമ്മളെ ആരും തിരിച്ചറിയുമില്ല. വളർന്നു വരുന്ന കുട്ടികളുടെ മനസ്സിലേക്ക് കുത്തിവെച്ചു കൊടുക്കുന്ന 'എക്സ്ട്രാ ഓർഡിനറി' യുടെ നിർവ്വചനങ്ങളിൽ നമുക്ക് ഒരു സ്ഥാനവും ഇല്ല. എന്നാൽ ജീവൻ കളഞ്ഞും തരുന്ന സ്നേഹവും നല്ല ജീവിത സാഹചര്യം ഒരുക്കാൻ വേണ്ടി പെടുന്ന കഷ്ടപ്പാടും ത്യാഗവും സമൂഹത്തിൽ തലയുയർത്തി നിൽക്കാൻ മക്കളെ പ്രാപ്തമാക്കുന്നതിനു റീത്തമ്മയും ഒലിവർട്വിസ്റ്റും നടത്തുന്ന ജീവിത പടയോട്ടവും എല്ലാം പുതിയ തലമുറയുടെ നിർവ്വചനങ്ങൾക്ക് പുറത്താണ്.
മറ്റുള്ളവരുടെ മുന്നിൽ പറയാൻ പാകത്തിന് ലുക്ക് ഇല്ലാത്തതിന്റെ പേരിലും പണമില്ലാത്തതിന്റെ പേരിലും വിദ്യാഭ്യാസക്കുറവിന്റെ പേരിലും മാതാപിതാക്കളെ മാറ്റി പറയുന്ന കുട്ടികളുടെ വാർത്തകളും മറ്റു സംഭവവികാസങ്ങളും പണ്ട് കേട്ടിട്ടുണ്ട്. `നാലാളറിയാത്തവരെ വില കല്പിക്കാത്ത കാലമാണോ ഇനി വരുന്നത്..!
ചോദ്യചിഹ്നമായിനിൽക്കുന്ന അയാൾ 90 ശതമാനവും വരുന്ന മാതാപിതാക്കളുടെ പ്രധിനിധിയാണ്. ഓർമ്മകളിലേക്ക് അയാൾ ഊളിയിടുകയാണ്. തന്റെ ജീവിതത്തിന്റെ 60 വർഷം വെറുതെ ആയിരുന്നില്ലന്ന് മകനുമുന്നിൽ തെളിയിക്കാൻ ഓർമ്മയിൽ തെളിഞ്ഞ ഒരു സംഭവവും ആയി ആന്റണിയുടെ പുറകെ നടന്നു ഒലിവർട്വിസ്ററ് പെടാപാടുപെടുന്നുണ്ട്. ആ ഒരു സംഭവം തന്റെ ജീവിതത്തിൽ ഉണ്ടായതിന്റെ പേരിൽ മാത്രം അതും അത് മറ്റൊരാൾ പറഞ്ഞു വിശ്വാസമായതിന്റെ പേരിൽ മാത്രം പപ്പയെ ആന്റണി അവസാനം അംഗീകരിക്കുകയാണ്. സിനിമക്ക് പുറത്തുനിൽക്കുന്ന നമുക്കെത്ര പേർക്കുണ്ട് 'എക്സ്ട്രാ ഓർഡിനറി' യായി പരിഗണിക്കപ്പെടേണ്ട ഒരു ജീവിതാനുഭവം . ഈ രീതിയിൽ ചിന്തിക്കുമ്പോൾ മാത്രം ഹോം എന്ന സിനിമ എന്നെ വല്ലാതെ നിരാശ പെടുത്തുകയാണ് . എന്റെ മുന്നിലൂടെ ഉരുണ്ടുരുണ്ടു ഇഴഞ്ഞു നടക്കുന്ന കയ്യിലിരുന്ന് തുള്ളിച്ചാടുന്ന ഈ കുഞ്ഞു ജീവനെ താങ്ങി പിടിക്കുമ്പോൾ എനിക്ക് അങ്ങനെ മാത്രമേ ചിന്തിക്കാനാവുന്നുള്ളു. ഞാനും ഈ ചോദ്യത്തെ ഒരിക്കൽ പ്രതീക്ഷിക്കുകയാണ്.
എനിക്ക് സ്വന്തമായിട്ടുള്ള ഈ നിമിഷത്തെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാക്കി ആസ്വദിക്കാനും മറ്റുള്ളവരുടെ മുഖത്തു വിരിയുന്ന ഒരു ചിരിക്കു കാരണമാകുവാനും നമുക്ക് ശ്രമിക്കാം . ജീവിതത്തിൽ എന്താണ് 'എക്സ്ട്രാ ഓർഡിനറി' യായിട്ട് നാം മനസ്സിലാക്കേണ്ടത് എന്ന് നമുക്കുള്ള ബോധ്യം അണയാത്ത വെളിച്ചമായി പകർന്നുകൊടുക്കാം. യഥാർത്ഥമായ നിർവ്വചനം അവർ അതിലൂടെ കണ്ടെത്തട്ടെ. അല്ലങ്കിൽ സമൂഹം നിർവ്വചിക്കുന്ന 'എക്സ്ട്രാ ഓർഡിനറി' കളുടെ മുന്നിൽ നമ്മൾ ചോദ്യം ചെയ്യപ്പെടും.. ഉറപ്പ്.!
"Every one has value.. The important thing is to recognize how valuable it is."
-unknown -
nota bene : വ്യക്തി പരമായ അഭിപ്രായമാണ്. വിയോജിപ്പുകൾ രേഖപ്പെടുത്താം.
pc :google

👍🏻👍🏻
ReplyDelete✌️👏👏👏
ReplyDelete🤝🤝🤝🤝
ReplyDeleteVery good
ReplyDeleteThankyou guys...
ReplyDelete