ശനിയുടെ അപഹാരം !!
വളരെ യാദൃശ്ചികമായാണ് ആ കയ്കൾ എന്നെ തടഞ്ഞു നിർത്തിയത് . "Platform ticket please...!" ഞാൻ ദയനീയമായി ടിക്കറ്റ് ചെക്കറെ ഒന്ന് നോക്കി... സർ അത്... ഞാൻ ഫ്രണ്ട് നെ സഹായിക്കാൻ പെട്ടന്ന് കേറീപ്പൊ മറന്നു...ടിക്കറ്റ് എടുക്കാൻ... ബ ബ്ബ ബ്ബ ബാ.... കന്നടയും ഇംഗ്ലീഷും കൂട്ടി കഗ്ലീഷ് ഭാഷയിൽ ഒപ്പിച്ചു... കയ്യിൽ ടിക്കറ്റ് ഇല്ലാന്നു മനസിലായതൊടെ ആളുടെ സ്വഭവം മാറി. ഫൈൻ അടയ്ക്കണം എന്നായീ... 10 ന്റെ പൈസ കയ്യിലില്ലാന്ന് കൈകൂപ്പിയും കാലുപിടിച്ചും ഒക്കെ പറഞ്ഞു... ഒരു രക്ഷയും ഇല്ല... ഫൈൻ അടച്ചേ പറ്റൂ . ഇവിടെ അല്ലങ്കിൽ കൊടതിയിൽ.... അല്ലേൽ നേരെ പോലീസ് സ്റ്റേഷൻ....
5 ദിവസത്തെ IT അടിമ പണിയുടെ തിരക്കുകൾക്കു ശേഷം മോചനം കിട്ടുന്ന 2 ദിവസം. മുഴുവൻ കിടന്നുറങ്ങിയാലും കൊതി തീരാത്ത 2 ദിവസം പക്ഷേ ഒന്ന് ആടി തൂങ്ങി 5 ദിവസത്തെ തുണികൾ അലക്കി വിരിച്ചു വരുമ്പോഴേക്കും തീരുന്നതാണ് പതിവ്... അപ്പഴാ ശനിയാഴ്ച കാലത്തെ ഫോൺ വിളിച്ചു ആരോ ശല്യം ചെയ്യുന്നത്.
ദിവ്യ നാട്ടിലേക്ക് പോവുവാണ്. അപ്പൊ luggage ഒക്കെ ഒന്ന് റയിൽവേ സ്റ്റേഷൻ വരെ ഒന്ന് എത്തിച്ച് കൊടുക്കണം. 9 മണിക്കുള്ള കർണ്ണാടക-ഷിമൊഗ ട്രെയിൻ ആണ്. അര മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ എത്തണം... ഒറക്കത്തീന്നെണീച്ച് ഒരു ജീൻസ് വലിച്ച് കേറ്റി luggage ഒക്കെ എടുത്ത് സ്റ്റേഷൻ എത്തി ടിക്കറ്റ് എടുത്തപ്പൊഴെക്കും ഇനി 5 മിനുട്ട് ബാക്കി. 8 ആമത്തെ പ്ലാറ്റ്ഫോമിലേക്ക് ബാഗെല്ലാം തലേകേറ്റി പാഞ്ഞു... luggage എല്ലാം കേറ്റി ദിവ്യയെയും അമ്മയും ട്രെയിനിലേക്ക് കേറിയതും വണ്ടി എടുത്തു... അങ്ങനെ കൃത്യ സമയത്ത് അവരെ വണ്ടി കേറ്റി വിട്ട സംതൃപതിയിൽ തിരിച്ച് നടക്കുമ്പോഴാണ് ഈ കുരിശ് തലയിൽ വന്നു കേറിയത്.
എല്ലാ മലയാളികളേം പോലെ ഞാൻ തീരുമാനിച്ചു... കോടതി. ഞാൻ അവിടെ അടച്ചോളാം...
അങ്ങനിപ്പൊ നിനക്ക് ഞാൻ കാശു തരില്ലട മോനെ എന്ന ഭാവത്തിൽ പറഞ്ഞു... നാട്ടിലെ പൊലെ കോടതിയിൽ നിന്നും സമൻസ് വരുമ്പൊ എപ്പഴേലും പോയി അടയ്ക്കാം എന്ന് ഞാൻ വിചാരിച്ചു. തീരുമാനം പറഞ്ഞതോടെ ചെക്കർ കയ്യിൽ പിടിച്ച് കന്നടയിൽ എന്തൊ പറഞ്ഞ് എന്നെ എങ്ങോടോ വലിച്ച് നടന്ന്തുടങ്ങി... അതോടെ വാക്കുതർക്കമായി... എന്നെ പിടിച്ച് വലിക്കാൻ ആരു പറഞ്ഞെന്നു പറഞ്ഞ് ഞാൻ കൈ വലിച്ചെടുത്തപ്പോഴേക്കും അവരുടെ ഓഫീസ് എത്തി...
ടിക്കറ്റ് ചെക്കെറുടെ ഓഫീസ്.. ഒരു സർക്കർ ഓഫീസ് പോലെ.... കുറെ ഫോട്ടോകൾ ട്രെയിനുകളുടെ ചെറിയ രൂപങ്ങൾ.. വലിയൊരു ബുക്കെടുത്ത് അഡ്രസ്സും മറ്റു വിവരങ്ങളും എഴുതിയെടുത്തു... ഇതിനിടയിൽ അവിടെ വന്നു പോകുന്ന മറ്റു ചെക്കെർമ്മാരോട് എന്നെ കുറിച്ച് എന്തൊക്കെയൊ പറയുന്നും ചിരിക്കുന്നും ഉണ്ട്... 475 രൂപ യായിരുന്നു ഫൈൻ കിട്ടിയത്. ആദ്യം പറഞ്ഞതിനും 200 രൂപ കൂടുതൽ. കൂടുതൽ ഫൈൻ വന്നത് ചോദിച്ചപ്പോൾ ആ സ്റ്റേഷനിൽ അവസാനം വന്ന ട്രെയിനിന്റെ സ്ലീപ്പർ ടിക്കറ്റ് വിലയും അതിന്റെ 20% വും കൂട്ടുന്നതാണു ഫൈൻ തുക എന്ന വിശദീകരണം തന്നു... ആദ്യം പറഞ്ഞത് അപ്പോൾ വന്ന ട്രെയിൻ ടിക്കറ്റ് വില വെച്ച് നോക്കുമ്പോൾ അതാണു ഫൈൻ... ഇപ്പൊ ഇത്. തർക്കിച്ചിട്ട് കാര്യമില്ലത്തതുകൊണ്ട് ഒന്നും പറഞ്ഞില്ല..... വിവരങ്ങൾ കൊടുത്ത് പോകാൻ നിന്ന എന്നോട് അവിടിരിക്കാൻ ആവശ്യപ്പെട്ടു ...
കോടതിയിൽ അടയ്ക്കാം എന്നു പറഞ്ഞാൽ അന്നു തന്നെ അവരുടെ തന്നെ വണ്ടിയിൽ കേറി കോടതിയിൽ കൊണ്ട്പോയി അടയ്ക്കുകയാണത്രെ... ഇത്രയും പറഞ് അവിടുള്ള സെക്യൂരിറ്റി പോലീസിനോട് എന്റെ കാര്യം പറഞ്ഞയാൾ സ്ഥലം വിട്ടു.
വിശന്നിട്ടാണേൽ വയ്യ..കിടക്കപ്പായെന്നെണീച്ച് വന്നതാണ്. റൂമിലാർന്നേൽ ദോശെം കഴിച്ച് ചായെം കുടിച്ച് ഇരിക്കണ്ട സമയമാണ് . ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ എന്നെ പിടിച്ച അതേ ചെക്കർ മറ്റു രണ്ടാളുകളുമായി വന്നു. അവരുടെയും വിവരങ്ങളെല്ലാം എഴുതി.. പോകാനുള്ള വണ്ടി എപ്പോൾ വരും എന്നു ചോദിച്ചതിന് വരും എന്ന് ദേഷ്യത്തിൽ പറഞ്ഞു അയാൾ പിന്നെയും പോയി.. ഇയൾക്ക് ആളുകളെ പിടിക്കലാണോ പണിയെന്നാലോചിച്ച് പിന്നെയും അവിടിരിപ്പായി.... ഏത് നേരത്താണോ കോടതിയിൽ പോയി അടയ്ക്കാം എന്ന് പറയാൻ തോന്നിയത് . ഇപ്പൊ കൂടെ രണ്ട്പേരും.. പിന്നെയും അരമണിക്കൂർ. പ്ലാറ്റ്ഫോമിലൂടെ പോകുന്നാളുകളെയും നോക്കി അങ്ങനെ.... കുറച്ച് നേരത്തിനു ശേഷം ഒരു RPSF ഓഫീസർ അവടെത്തി ഞങ്ങളെ വിളിച്ചു. അങ്ങനെ അവസാനം കോടതിയിൽ പോകാനുള്ള വണ്ടിയെത്തിയ സന്തോഷത്തിൽ ഞാൻ പുറത്തേക്കിറങ്ങി...കൂടെ അവരും....
RPSF കാരന്റെ പുറകെ വെച്ച് പിടിച്ചു.... അയാൾ പോകുന്നതാണേൽ 6 ആം പ്ലാറ്റ്ഫോമിലേക്ക്. ഇനി അതിലൂടെ വേറെ വഴി പുറത്തേക്കുകാണും എന്ന് വിചാരിച്ച് നടന്നു... നടന്ന് നടന്നു അയാൾ ഞങ്ങളെ റെയിൽവേ പോലീസ് സ്റ്റേഷനിലേക്ക് ആക്കി.... ഒന്നും മനസിലാവാത്ത പൊലെ ഞാൻ ആ RPSF ഓഫിസറോട് ചോദിച്ചു..അപ്പൊ കോടതി..... അയാൾ ഒരു മൂലയിലേക്ക് കൈ ചൂണ്ടി ഒരു കസേര കാണിച്ച് പറഞ്ഞു
"ബൈഠൊ...!".
ഒന്നും മനസിലായില്ല..... കാണിച്ച കസേരയിൽ പോയിരുന്നു.... കൂടെ വന്നവർ അദ്യമേ കസേരകളിൽ സ്ഥലം പിടിച്ചു.വളരെ പരിചയം ഉള്ളതുപോലെ. റയിൽവേ പോലീസ് സ്റ്റേഷൻ ആണ്. ബംഗളൂരുവിലെ പ്രധാന റയിൽവേ സ്റ്റേഷന്റെ ക്രമസമാധാന നിയന്ത്രണവും ട്രെയിനുകളുടെയും യാത്രക്കാരുടെയും സെക്യൂരിറ്റി ഉറപ്പുവരുത്തുക എന്നതൊക്കെയാണു സൗത്ത് ഇന്ത്യയിലെ 6 ആമത്തെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനിലെ 6 ആമത്തെ പ്ലാറ്റ്ഫോമിൽ സ്ഥിതി ചെയ്യുന്ന ഈ പോലീസ് സ്റ്റേഷന്റെ ചുമതല. അകവും പുറവും ചുമന്ന നിറവും ഇന്ത്യൻ റെയിൽവേയിലെ സ്പെഷ്യൽ ഫോഴ്സ് ആയ RPSF പട്ടാളക്കാരുമൊഴിച്ചാൽ നമ്മുടെ നാട്ടിലൊക്കെ ഒള്ള അതേ പോലീസ് സ്റ്റേഷൻ. വയറുന്തിയ സാധാ ലോക്കൽപോലീസുകാരും.
ഒരു പഴയ കെട്ടിടം ആണ്. ഭിത്തികളൊക്കെ പൊടി കലർന്നിരിക്കുന്നു. അകത്ത് മൊത്തത്തിൽ ഇരുണ്ട് കിടക്കുന്നു.ഗാന്ധിജിയുടെ വലിയൊരു ഫോട്ടോ..
പോലീസ് സ്റ്റേഷനകത്തുള്ള ജയിൽ മുറിയിൽ നിന്നും എന്തൊ ഒരു മണവും, നിറച്ച് എലികളും. ജയിലിന്റെ മൂലയിൽ പിടിച്ചെടുത്ത സാധനങ്ങൾ ചാക്കിൽ കെട്ടി വെച്ചിരിക്കുന്നു.ആകെക്കൂടെ ഒരു ഭീഗരാന്തരീക്ഷം. പോലീസുകാരിടക്ക് വന്നു വെള്ളം കൂജയിൽ നിന്നും കുടിക്കുന്നു.... വർത്താനം പറയുന്നു... ചിരിക്കുന്നു... പോകുന്നു.. കാത്തിരുപ്പ് അങ്ങനെ നീളുന്നു....
ആരും ഒന്നും പറയുന്നില്ല.. കൂടെയുള്ള ഒരാൾ അംബുജ്.. ഒറിസ ക്കാരനാണു.ഇവടെ ജോലി അന്വേഷിച്ച് വന്നതാണ്. ട്രെയിനിറങ്ങി ദാഹിച്ചപ്പൊ ഇത്തിരി വെള്ളം കുടിവെള്ള പൈപ്പിൽ നിന്നും കുടിച്ച് അവസാനം വയിൽ വന്ന കുറച്ച് വെള്ളം അറിയാതെ അവടെ തന്നെ തുപ്പി. പ്രധാനമന്ത്രിയുടെ സ്വഛഭാരതം കാരണം ആളു പെട്ടു. വളരെ പാവപ്പെട്ട ഒരു മനുഷ്യൻ. കൃഷിയായിരുന്നു.... എല്ലാം നശിച്ചപ്പോ വീട്ട്കാർ പട്ടിണി കിടക്കാതിരിക്കാൻ ജോലി അന്വേഷിച്ച് ബംഗളുരുവെത്തിയത്. ഒരു നേരത്തേക്കുകൂടിയുള്ള ഭക്ഷണതിന്റെ കാശ് മാത്രമെ ആകെ ഇനി കയ്യിലുള്ളു... അത്കൊണ്ട് ചെക്കർ പറഞ്ഞ ഫൈൻ അടയ്ക്കാൻ പറ്റിയില്ല.അവസാനം ഇവടെത്തി.
മറ്റേയാൾ ചിന്നപ്പ... കർണ്ണാടകക്കാരൻ തന്നെയാണു. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ നൊക്കിയത്കൊണ്ട് പിടിയിലായി. എന്നാൽ കണ്ടാൽ ഇയാൾ ടിക്കറ്റ് എടുത്തിട്ടില്ലാന്ന് പറയേ ഇല്ല.. എങ്ങനെ പെട്ടാവോ . ആളുടെ അന്നത്തെ ജോലി പോയി... അതായിരുന്നു പുള്ളിയുടെ വിഷമം. ടിക്കറ്റ് എടുത്തും എടുക്കതെയൊക്കെ മിക്കപ്പൊഴും യാത്ര ചെയ്യുന്നതാണത്രെ... ഇന്നുവരെ ആരും ടിക്കറ്റ് ചോദിച്ചിട്ടില്ല... ആ ധൈര്യത്തിൽ കേറിയതാ...
ഞങ്ങൾ അങ്ങനെ മൂന്നുഭാഷക്കാരും ഏതൊക്കെയോ ഭാഷയിൽ എന്തെക്കെയോ അങ്ങനെ സംസാരിച്ചു. പോലീസ് സ്റ്റേഷൻ ആകെ തിരക്കിലാണ് .
പിന്നെയും കുറെ ആളുകത്തി. ഞങ്ങളുടെ കൂട്ടത്തിലേക്ക്. രണ്ട് പേര് മോഷണ ശ്രമം . കണ്ടാൽ ഒരു 25 വയസ് . അവിടുത്തെ സ്ഥിരം ആളുകളാണന്നു പോലീസുകാരുടെ സംസാരത്തിൽ നിന്നും മനസിലായി.. സ്റ്റേഷനിൽ മൂലയ്ക്ക് കെട്ടിവെച്ചിരുന്ന ചാക്കുകളൊക്കെ കീറി തപ്പി നോക്കി എന്തൊക്കെയൊ പോലീസ്കാരു കാണാതെ പോക്കറ്റിലേക്ക് കേറ്റിയും അവരങ്ങനെ ജോളിയായി എന്തൊക്കെയോ കാട്ടിക്കൂട്ടുന്നുണ്ടായിരുന്നു. എന്തോ കോപ്രായം കാണിച്ചതിനു ലത്തിവെച്ച് അടികിട്ടിയിട്ടും അവരത് തുടർന്നുകൊണ്ടേയിരുന്നു.... പിന്നെ വന്നത് ട്രെയിനിൽ മദ്യപിച്ച് കേറിയതിന് ഒരാൾ... പിന്നെയും കുറേ പേരെ കൊണ്ടന്നു.. ചിലർ ഫൈനടച്ച് പോയി... ചിലർ ഞങ്ങളുടെ കൂട്ടത്തിലെക്ക്..എവടന്നൊ വന്ന പിള്ളെരുടെ ഒരു ഗ്യാങ്ങിനെ കൊണ്ടുവന്നു.... അതിലൊരുത്തൻ ലേഡി പോലീസ് ന്റെ ഫോട്ടോ മൊബിലിലെടുത്തൂത്ത്രെ... പോലീസുകാരെല്ലാം ലത്തി വെച്ച് പടപടാന്ന് അഞ്ച് പത്തടി.... അടികൊണ്ടവനും കൂടെവന്ന കൂട്ടുകാരെല്ലാം കരഞ്ഞു കാലുപിടിച്ച് കാശുകൊടുത്ത് ഒത്തുതീർപ്പാക്കി.. ഇവർക്കൊക്കെ ഇടയിൽ പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ ഞാനും.. അങ്ങനെ ഉച്ച കഴിഞ്ഞു സമയം 3 ആയി..
എല്ലാവരേയും ഒരുമിച്ചാക്കി വിവരങ്ങളൊക്കെ ഓർഡറാക്കി പേപ്പേഴ്സ് ഒക്കെ റെഡിയാക്കി ഫൈൻ ഒക്കെ മേടിച്ചു... തിരിച്ച് പോകാൻ വെച്ച ബസ്സ് കാശും ബാക്കി കാശും അരോടൊക്കെയൊ വാങ്ങിയും ഞാൻ കൊടുത്തു... ടിക്കറ്റ് എടുക്കാതെ വന്ന ചിന്നപ്പയും ഫൈൻ കൊടുത്തു. അംബുജ് ന്റെ കയ്യിൽ ആകെ 50 രൂപ... ഇനിയും വേണം കാശ്. പോലീസുകാർ കിണഞ്ഞു ശ്രമിച്ചു വേറെ എവിടേലും ഒളിപ്പിച്ച് വെച്ചിട്ടുണ്ടോയെന്നറിയാൻ...ഇല്ല. പോലീസുകാരുടെ കയ്യീന്നു കാശുപോകൂന്നായപ്പൊ അവരു വേറെ ആരുടെയോ കുത്തിനു പിടിച്ച് അംബുജ് ന്റെ ഫൈൻ കൂടെ ഒപ്പിച്ചു. അങ്ങനെ എല്ലാവരും കാശടച്ചു. ലൈൻ ആക്കി നിർത്തി. രണ്ട് പോലീസുകാർക്ക് എല്ലാവരെയും കൈമാറി. അവർക്കാണ് കോടതിവരെ ഞങ്ങളുടെ ചുമതല. കോടതി കാര്യങ്ങളൊക്കെ പറഞ്തന്നു. ജഡ്ജി ചോദിക്കുമ്പോൾ പറയേണ്ടതൊക്കെ പറഞ്തന്നു... വേറെ ഒരക്ഷരം മിണ്ടാൻപാടില്ലാന്നു ഇത്തിരി ഭീഷണി രീതിയിലും.
അവസാനം എല്ലാരും ഒരുമിച്ച് കോടതിയിലേക്ക്.... നിര നിരയായി ഒരു 12 പേർ... മുൻപിലും പുറകിലും ഒരൊരോ പോലീസുകാർ.. സ്റ്റേഷനിൽ നിന്നിറങ്ങി പ്ലാറ്റ്ഫൊമിലൂടെ നടന്നുതുടങ്ങി.. 6 മുതൽ 5,4,3...1 ആളുകൾ എല്ലാവരും തുറിച്ചു നോക്കുന്നു.ചിലർ ചിരിക്കുന്നു.
കഴുത്തറുത്ത് കൊല്ലാൻ കൊണ്ടുപോകുന്നപോലെ... ശരീരമാകെ വലിഞ്ഞു മുറുകിയ പോലെ... എന്റെ പുറകിലുള്ളയാൾ എന്നെ ഇടയ്ക്കിടക്ക് തള്ളുന്നുണ്ട്..... ഒരു പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലഞ്ഞിട്ടാ എന്നെ ഈ കൊണ്ടുപോകുന്നേന്നു വിളിച്ച് പറയണം എന്നുണ്ടായിരുന്നു... പക്ഷേ എനിക്ക് തലയുയർത്തി ആരുടേയും മുഖത്തേക്ക് നോക്കാൻ ധൈര്യം കിട്ടിയില്ല . കൂടെ ഓഫിസിൽ ജോലിചെയ്യുന്ന ആരേലും ഈ കാഴ്ച കണ്ടാ പിന്നെ അങ്ങോട് ചെല്ലണ്ട... 6 ൽ നിന്നും 1 ആം പ്ലാറ്റ്ഫോം എത്താൻ എത്രയൊ കിലോമീറ്ററുകൾ എടുത്ത പോലെ.... എങ്ങനെയൊ നടന്നു വണ്ടിക്കടുത്തെത്തി. ജാംബവാന്റെ കാലത്തുള്ള ഒരു പോലീസ് ഇടിവണ്ടി.
ഇടി വണ്ടിക്കുള്ളിൽ നിറയെ ആളുകൾ.. എവിടുന്നോ പിടിച്ച മറ്റു കുറ്റവാളികളാണ്. ഞങ്ങൾ വണ്ടിയിലെ ഏതോ ഒരു മൂലയയിലിരുന്നു... മോഷണത്തിന് പിടിച്ചവർ വണ്ടിയിലുണ്ടായിരുന്നവരായി കുശലാന്വേഷണം നടത്തുന്നുണ്ടായിരുന്നു . ചിലരെയൊക്കെ കാണുമ്പോ തന്നെ പേടിയാകുന്ന രൂപം. എന്തായാലും ആഘോഷത്തോടെ കോടതിയിലെത്തി... കോടതിമുറിയിലേക്ക് കേറ്റി... പോലീസുകാർ ജഡ്ജിയെ കുമ്പിട്ടു ..
എന്നെ മുന്നിലേക്ക് കയറ്റി നിർത്തി.. എന്തോ കന്നടയിൽ ചോദിച്ചു. പോലീസുകാരു പഠിപ്പിച്ചപോലെ കന്നടയിൽ " താപ്പായത്തു സർ " എന്നങ്ങ് പറഞ്ഞു. ജഡ്ജി ഒപ്പിട്ടു. കാര്യം കഴിഞ്ഞു. അംബുജ് നോടും ചിന്നപ്പയോടും യാത്ര പറഞ്ഞു ഞാനവിടെനിന്നിറങ്ങി.
ആ ചെക്കർ തന്ന പണിയായിരുന്നോ ഇതെന്ന് ആലോചിച്ച് ഞാൻ നടന്നു. ദിവ്യയെ വിളിച്ച് നിങ്ങൾ കന്നഡക്കാര് പണ്ടാരടങ്ങി പോവട്ടേന്ന് ചീത്ത വിളിക്കണമെന്നുണ്ടായിരുന്നു. അല്ലേലും അവരെ പറഞ്ഞിട്ടെന്തിനാ , എനിക്കെന്തിന്റെ കേടായിരുന്നു... ആരോടും ഒന്നും പറയാൻ പോയില്ല.... വിശന്നിട്ട് വയ്യ. അടുത്ത് കണ്ട ഒരു ചായക്കടയിൽ കേറി ഒരു ചായക്ക് ഞാൻ ഓർഡർ കൊടുത്തു...!

😁😁😁
ReplyDelete👍🏻
ReplyDeleteഹ ഹ കൊള്ളാം!😊😂
ReplyDelete👍👍👍
ReplyDelete😂 😂 😂
ReplyDelete👍👍
ReplyDeleteThankss all..
ReplyDelete